ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

വെങ്കിടങ്ങിന്റെ സ്ഥലനാമചരിത്രം രണ്ടുവിധത്തിലാണ് അറിയപ്പെടുന്നത്. പണ്ട് ഇവിടെയുണ്ടായിരുന്ന വനം തീ പടര്‍ന്ന് വെന്തടങ്ങിയ ശേഷം വെങ്കിടങ്ങായി തീര്‍ന്നതാണെന്നതാണ് അതിലൊന്ന്. പ്രദേശത്തിന്റെ ഹൃദയഭാഗത്ത് വന്‍കിടങ്ങുണ്ടായിരുന്നെന്നും കാലാന്തരത്തില്‍ ലോപിച്ച് വന്‍കിടങ്ങ്, വെങ്കിടങ്ങായതാണെന്ന് മറ്റൊരഭിപ്രായവും നിലനില്‍ക്കുന്നു. പഞ്ചായത്തിന്റെ തെക്കുകിഴക്കു ഇരിമ്പ്രനെല്ലൂര്‍ വില്ലേജ് മുതല്‍ തൃശ്ശൂര്‍ താലൂക്കിലെ പുള്ളഴി വരെ 10 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന വിശാലമായ പാടശേഖരങ്ങളുണ്ട്. ഇവിടെ കുട്ടനാടന്‍ സമ്പ്രദായത്തില്‍ കൃഷി ചെയ്യുന്നു. ഇന്നത്തെ പാടശേഖരങ്ങള്‍ ആതമംഗലം കായല്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇതില്‍ തന്നെ കണ്ണാത, കൈനാത, കൊറ്റാത, കരുണാത എന്നീ പേരുകളിലുള്ള പടവുകള്‍ ഇപ്പോഴുമുണ്ട്. ചേരരാജാക്കന്മാരുടെ സ്ഥാനപ്പേരായിരുന്നു ആതന്‍. ചേരലാതനാര്‍ എന്നും ഇവരെ അറിയപ്പെട്ടിരുന്നു. പഴയകാല ചരിത്രസ്മാരകമായി ഇന്ന് വെങ്കിടങ്ങില്‍ അവശേഷിക്കുന്നത് ശങ്കരനാരായണക്ഷേത്രവും, വലിയ കുളവും, ശാര്‍ക്കരകോവിലകം എന്നു പറയുന്ന ഒരു പുരയും പറമ്പും മാത്രമാണ്. ലഭ്യമായ ഭൂരേഖകളില്‍ നിന്നും വെങ്കിടങ്ങിലെ മിക്ക ഭൂമിയും അധീനമാക്കിവച്ചിരുന്ന ജന്മിമാര്‍ ശാര്‍ക്കരകോവിലകമായിരുന്നു എന്നു കാണുന്നു. അയിരൂര്‍ ഭരിച്ചിരുന്ന കോവിലനാര്‍ 1407-ല്‍ തിരുവല്ലയില്‍ നിന്നും വടക്കുഭാഗത്തേക്ക് പലായനം ചെയ്ത് വേണാട് രാജവംശത്തില്‍പ്പെട്ട ആദിത്യവര്‍മ്മയുടെ കീഴിലെത്തിയെന്നും ഇവരാണ് ശാര്‍ക്കര കോവിലന്മാര്‍ എന്നും ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. പഞ്ചായത്തുകള്‍ രൂപംകൊള്ളുന്നതിനു മുന്‍പ് വില്ലേജടിസ്ഥാനത്തില്‍ സ്ഥാപിതമായിരുന്ന കുണ്ടഴിയൂര്‍, തോയാക്കാവ്, പാടൂര്‍ എന്നീ കരകള്‍ക്കുള്ള ചരിത്രപ്രാധാന്യം കുറവല്ല. പാടങ്ങളുടെ ഊര് പാടൂരായും, തോയവും കാവുകളും നിറഞ്ഞ തോയംകാവ് തോയാക്കാവായും മാറിയിരിക്കാമെന്ന് സ്ഥലനാമചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമാണ് കണ്ണോത്ത്. ഇവിടുത്തെ നാട്ടുകല്‍കുന്ന് അതിപുരാതനകാലത്ത് മറ്റു പ്രദേശങ്ങള്‍ കായലിന്റെ ഭാഗമായിരുന്നപ്പോള്‍ ജലയാത്രികര്‍ ഇടത്താവളമായി ഉപയോഗിച്ചിരുന്നു. ഏനാമാവ് കടവു മുതല്‍ ഗുരുവായൂര്‍ വരെ ദൈര്‍ഘ്യമുള്ള റോഡ് 1917-ലാണ് നിര്‍മ്മിച്ചതെന്ന് രേഖകളില്‍ കാണുന്നു. ഇത് ജില്ലയിലെ ആദ്യകാല റോഡുകളിലൊന്നാണ്. 18-ാം നൂറ്റാണ്ടിന്റെ പ്രാരംഭദശയില്‍ കോള്‍നിലങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാന്‍ 200 അടി നീളത്തിലുള്ള ബണ്ട് നിര്‍മ്മിച്ചിരുന്നു. കരുവന്തലക്ഷേത്രം, പാടൂര്‍ ജുമാ മസ്ജിദ്, എ.ഡി 500-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഏനാമാവ് പള്ളി എന്നിവ പുരാതന മുസ്ലീം ആരാധനാലയങ്ങളാണ്. ഇരിമ്പ്രനെല്ലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം, കെട്ടുങ്ങലിലുള്ള ഏനാമാക്കല്‍ ജുമാമസ്ജിദ്, കോഞ്ചിറ പോംപെമാതാവിന്റെ തീര്‍ത്ഥകേന്ദ്രവും ഏറെ പഴക്കമുള്ള ആരാധനാലയങ്ങളാണ്. പുരാതനവും പ്രശസ്തവുമായ 5 ക്ഷേത്രങ്ങളും 3 ക്രിസ്ത്യന്‍ ദേവാലയങ്ങളും 4 മുസ്ലീം പള്ളികളും ഈ പഞ്ചായത്തിലുണ്ട്. പഴയകാല ആചാരമായി കരുവന്തല ക്ഷേത്രത്തില്‍ നിലനിന്നിരുന്ന കോഴിവെട്ടല്‍ ഇല്ലാതായി. ഓരോ മതവിഭാഗത്തിന്റേയും ആചാരാനുഷ്ഠാനങ്ങളോടുകൂടിയ ഉത്സവങ്ങള്‍ നടക്കാറുണ്ട്. എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചാഘോഷിക്കുന്ന കരുവന്തല ക്ഷേത്രോത്സവത്തില്‍ പങ്കുകൊള്ളാന്‍ മറ്റു പ്രദേശങ്ങളില്‍നിന്നുപോലും ജനങ്ങള്‍ എത്തുന്നു. കോഞ്ചിറപള്ളി തിരുനാളും പ്രസിദ്ധമാണ്. സ്വാതന്ത്ര്യസമരവും സംസ്കാരിക-നവോത്ഥാന പ്രസ്ഥാനങ്ങളും കേരളത്തിലാകമാനം അലയടിച്ചപ്പോള്‍ വെങ്കിടങ്ങിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. ഗാന്ധിജി നേതൃത്വം നല്‍കിയ ഉപ്പുസത്യാഗ്രഹത്തെ തുടര്‍ന്ന് പാടൂരിലെ കുഞ്ഞുകോയകുട്ടിതങ്ങളുടെ നേതൃത്വത്തില്‍ ഇടിയഞ്ചിറയില്‍ ഉപ്പുകുറുക്കുകയും നാട്ടില്‍ വിതരണം നടത്തുകയുമുണ്ടായി.

കാര്‍ഷിക-വ്യവസായ-ഗതാഗത ചരിത്രം

1930-ലെ സെറ്റില്‍മെന്റ് രേഖകള്‍ പ്രകാരം ഏകദേശം 133.91 ഹെക്ടര്‍ പുറമ്പോക്കു ഭൂമികളായിരുന്നു. ഇതില്‍ തന്നെ റവന്യൂ പുറമ്പോക്കും ചതുപ്പുനിലങ്ങളുമുണ്ടായിരുന്നു. വെള്ളക്കെട്ട് പ്രദേശങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലായിരുന്നു നെല്‍കൃഷി ചെയ്തിരുന്നത്. ഏകദേശം 114.5 ഹെക്ടര്‍ സ്ഥലങ്ങളില്‍, വെള്ളപ്പൊക്കക്കെടുതികള്‍ മുന്നില്‍ കണ്ടുകൊണ്ട് ഇവിടുത്തെ കര്‍ഷകര്‍ വെള്ള പൊക്കാളി, കുട്ടാടന്‍ എന്നീ നെല്ലിനങ്ങളാണ് കൃഷി ചെയ്തിരുന്നത്. ഈ കൃഷിയിടങ്ങളെല്ലാം ദേവസ്വം ഉടമസ്ഥതയിലായിരുന്നു അതുകൊണ്ടുതന്നെ പാട്ടം, മിച്ചവാരം വ്യവസ്ഥിതി നിലനിന്നിരുന്നു. ഈ ദുഷിച്ച വ്യവസ്ഥിതി കര്‍ഷകപ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തോടെ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുകയും കൃഷിഭൂമി കര്‍ഷകന്റെ സ്വന്തമാവുകയും, കര്‍ഷകകൂട്ടായ്മയില്‍ കൂടുതല്‍ ഉല്പാദനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കാര്‍ഷിക മേഖലയായ വെങ്കിടങ്ങ് പഞ്ചായത്തില്‍ 75% ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. 1960-കളുടെ ഒടുവില്‍ ഈ പ്രദേശങ്ങളില്‍ നിന്ന് തൊഴിലസവരങ്ങള്‍ തേടി ഗള്‍ഫ് മേഖലയിലേക്കുള്ള പ്രയാണം തുടങ്ങി. പില്‍ക്കാലത്ത് ഉല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ക്കും, വളം, കീടനാശിനികള്‍ക്കും അമിതമായ വിലവര്‍ദ്ധനവ് ഉണ്ടായതിനെതുടര്‍ന്ന് കര്‍ഷകര്‍ക്ക് നെല്‍കൃഷിയോടുള്ള താല്‍പര്യം കുറഞ്ഞുവന്നു. കൃഷിപ്പണിക്ക് കര്‍ഷകതൊഴിലാളികളെ ആശ്രയിക്കേണ്ടിവരികയും കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ പോയി കൃഷിയെ പരിചരിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തതിന്റെ ഫലമായി കൃഷി ലാഭകരമല്ലാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്നു. 1971-ലെ ഭൂപരിഷ്കരണം കുറെ ചെറുകിട ഭൂവുടമകളെ സൃഷ്ടിച്ചു. കൂടാതെ നെല്ലുല്‍പാദനം ലാഭകരമല്ലാതായിത്തീര്‍ന്നപ്പോള്‍, പാടംനികത്തി തെങ്ങുകൃഷി ആരംഭിക്കുകയും, നിലം നികത്തി വീടു നിര്‍മ്മിക്കുന്ന പ്രവണത ഏറി വരികയും ചെയ്തു. തല്‍ഫലമായി നെല്‍കൃഷി ചെയ്തിരുന്ന ഭൂമി 35 ശതമാനമായി ചുരുങ്ങി. നെല്‍കൃഷി വിളവെടുപ്പിനുശേഷം ഇടവിളയായി ചെയ്തിരുന്ന എള്ള് കൃഷി പൂര്‍ണ്ണമായും വേരറ്റുപോയിരിക്കയാണ്. നെല്‍കൃഷിയ്ക്ക് സഹായകമാവുന്നതിനായി ബ്രിട്ടീഷുകാരുടെ കാലത്ത് ഏനാമാവിനേയും മണലൂരിനേയും ബന്ധിപ്പിച്ച് ഏനാമാക്കല്‍ പുഴയ്ക്കു കുറുകെ ബണ്ട് നിര്‍മ്മിച്ചിരുന്നു. പിന്നീട് ഏനാമാക്കല്‍ റഗുലേറ്റര്‍ 1964-65 കാലഘട്ടത്തില്‍ പണി പൂര്‍ത്തീകരിച്ചെങ്കിലും ഉദ്ദേശിച്ച പുരോഗതി കൃഷിക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഗതാഗതത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാകാന്‍ കഴിഞ്ഞു. റഗുലേറ്ററിന്റെ കിഴക്കുഭാഗത്ത് താല്ക്കാലിക ബണ്ട് നിര്‍മ്മിച്ചാണ് നെല്‍കൃഷിയെ രക്ഷിച്ചുപോന്നത്. മത്സ്യസമ്പത്തുകൊണ്ട് അനുഗ്രഹീതമായ പഞ്ചായത്താണ് വെങ്കിടങ്ങ്. പഞ്ചായത്തിനെ തഴുകിയൊഴുകുന്ന ഏനാമാവ് പുഴ തെക്കുഭാഗത്തും, കനോലികനാല്‍ അഥവാ കൊച്ചിപുഴ പടിഞ്ഞാറുഭാഗത്തും ഇടിയന്‍ ചിറപുഴ വടക്കുഭാഗത്തും ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇവ ഏകദേശം പത്തുകിലോമീറ്ററോളം വരും. മാത്രമല്ല; പുഴയിലേക്ക് എത്തിച്ചേരുന്ന നിരവധി തോടുകളുണ്ട്. ഈ തോടുകള്‍ കോള്‍നിലങ്ങളില്‍ നിന്നും നെല്‍പാടങ്ങളില്‍ നിന്നും ഒഴുകിയെത്തുന്നതുകൊണ്ട് ശുദ്ധജലമത്സ്യങ്ങള്‍ സമൃദ്ധമാണ്. പാരമ്പര്യവ്യവസായങ്ങള്‍ സജീവമായിരുന്ന ഒരു ഗതകാല ചരിത്രം വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിനുണ്ട്. സംഘടിത കയര്‍ മേഖലയും, ബീഡിതെറുപ്പും ചെത്തുതൊഴിലാളി പ്രസ്ഥാനവും ഈ പ്രദേശത്തെ പ്രധാന വ്യവസായമേഖലകളാണ്. വിദേശരാജ്യങ്ങളില്‍ പോലും ഈ പ്രദേശത്തെ കയറുല്‍പ്പന്നങ്ങള്‍ക്ക് പ്രിയമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പാരമ്പര്യവ്യവസായങ്ങള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. മുന്‍കാലങ്ങളില്‍ ഏനാമാവ് കടവ്-മുല്ലശ്ശേരി റോഡ് മാത്രമാണ് ടാര്‍ ചെയ്തതായുണ്ടായിരുന്നത്. അന്ന് റോഡ് ഏനാമാവ് കടവില്‍ അവസാനിക്കുമ്പോള്‍ അനുബന്ധയാത്രക്ക് പുഴ കടക്കേണ്ടിയിരുന്നു. പിന്നീട് ഏനാമാവില്‍ ഒരു ഇറിഗേഷന്‍ ഷട്ടറോടുകൂടിയ പാലം നിലവില്‍ വന്നു. ഈ ബണ്ട് വന്നതോടെ ഗതാഗത സാധ്യതകള്‍ തുറന്നു. 1964-ല്‍ പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ ഏനാമാവ് കടവ്-ഗുരുവായൂര്‍ റോഡ് മാത്രമാണ് നിലവിലുണ്ടായിരുന്നത്. ഏനാമാവ് കടവ് മുതല്‍ മുല്ലശ്ശേരി പഞ്ചായത്തിന്റെ അതിര്‍ത്തിവരെയുള്ള മൂന്നു കിലോമീറ്റര്‍ ടാര്‍ ചെയ്തതായിരുന്നു. ബാക്കിയുള്ള റോഡുകളെല്ലാം ഇതിനുശേഷം നിര്‍മ്മിച്ചവയാണ്. പഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളിലുണ്ടായിരുന്ന നടവഴികളും, തോടുകളും വരമ്പുകളുമാണ് പില്‍ക്കാലത്ത് റോഡുകളായി മാറിയത്. വെങ്കിടങ്ങ് തോയാക്കാവ് റോഡ്, വെങ്കിടങ്ങ്-കണ്ണോത്ത് റോഡ്, കരുവന്തല-കോടമുക്ക് റോഡ്, മേച്ചേരിപ്പടി-തോയാക്കാവ് റോഡ്, ഏനാമാവ് ബണ്ട് റോഡ് എന്നിവ പഞ്ചായത്തിന്റെ വികസനത്തിന്റെ ജീവനാഡിയായി നിലകൊള്ളുന്നു. വെങ്കിടങ്ങ് എന്നത് വന്‍കിടങ്ങുകളുടെ സംഭാവനയായതുകൊണ്ട് ഈ കിടങ്ങുകളെല്ലാം റോഡുകളോ വഴികളോ മറ്റോ ആയി മാറിയെന്നാണ് പറയപ്പെടുന്നത്.